മാംഗ്ലൂറിലെ അവസാന രാത്രി
കഴിഞ്ഞ കുറെ ദിവസം ഞാൻ ശരിക്കും ആസ്വദിച്ചു! പകുതി സമയം ഞാനീ ഹോട്ടൽ റൂമിന്റെ അകത്തായിരിന്നെങ്കിലും , ഈ നഗരം ഇഷ്ടപ്പെടാൻ തുടങ്ങിയതായിരിന്നു.. ശരിക്കും പറഞ്ഞാൽ , കേരളം പോലെ ഒരു നഗരം. തിരക്കില്ലാത്ത , എന്നാൽ ആഡംബരം എന്താണെന്ന് നന്നായി അറിയാവുന്ന ഒരു നഗരം. കന്നട അറിയില്ലെങ്കിലും , ഹിന്ദിയും ഇംഗ്ലീഷും കൊണ്ട് കാര്യം സാധിക്കാൻ പറ്റും! പ്രധാന റോഡിൽ നിന്ന് മാറി കഴിഞ്ഞാൽ ഇതൊരു നഗരം ആണെന്ന് പറയില്ല! ഒരു കണ്ണൂർ ടച്ച് ഉള്ള ഇടവഴികളും , എന്നാൽ സാമാന്യം നല്ല വീടുകളും. മിക്ക വീടുകളും ഒരു കാട്ടിന്റെ ഉള്ളിൽ ഇരിക്കുന്ന പോലെ ആണ്. ശരിക്കും ഒരു ഗ്രാമാന്തരീക്ഷം. എന്നാൽ കോൺക്രീറ്റ് ചെയ്ത റോഡുകളൂം , ഷോപ്പിങ്ങ് മാളുകളും , ബി എം ഡബ്ല്യു 7 സീരീസ് കാറുകളും കാണാൻ 5 മിനിറ്റ് നടന്നാൽ മതി! പിന്നെ നല്ല സുന്ദരി പെൺകുട്ടികളും…
ഇത്രയും ദിവസം ഇവിടെ അലഞ്ഞ് തിരിഞ്ഞിട്ടും കണ്ടത് രണ്ടോ മൂന്നോ പോലീസ് വണ്ടികളാണ്. ചിലപ്പോ അക്രമങ്ങൾ കുറവായിരിക്കാം! അല്ലെങ്കിൽ പോലീസ്കാർ അലസരായിരിക്കാം. എന്തായാലും , രാത്രി 2 മണിക്കും പെണ്ണുങ്ങൾക്ക് ധൈര്യമായി റോഡിലൂടെ നടക്കാം!
നാളെ രാവിലെ, ഇവിടം വിടുകയാണ്. ബാംഗ്ലൂരിലേക്ക്.. തിരുവനന്തപുരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നഗരം. ബാക്കി അവിടുന്നാകാം…