Archive for July, 2008

മാംഗ്ലൂറിലെ അവസാന രാത്രി

0

കഴിഞ്ഞ കുറെ ദിവസം ഞാൻ ശരിക്കും ആസ്വദിച്ചു! പകുതി സമയം ഞാനീ ഹോട്ടൽ റൂമിന്റെ അകത്തായിരിന്നെങ്കിലും , ഈ നഗരം ഇഷ്ടപ്പെടാൻ തുടങ്ങിയതായിരിന്നു.. ശരിക്കും പറഞ്ഞാൽ , കേരളം പോലെ ഒരു നഗരം. തിരക്കില്ലാത്ത , എന്നാൽ ആഡംബരം എന്താണെന്ന് നന്നായി അറിയാവുന്ന ഒരു നഗരം. കന്നട അറിയില്ലെങ്കിലും , ഹിന്ദിയും ഇംഗ്ലീഷും കൊണ്ട് കാര്യം സാധിക്കാൻ പറ്റും! പ്രധാന റോഡിൽ നിന്ന് മാറി കഴിഞ്ഞാൽ ഇതൊരു നഗരം ആണെന്ന് പറയില്ല! ഒരു കണ്ണൂർ ടച്ച് ഉള്ള ഇടവഴികളും , എന്നാൽ സാമാന്യം നല്ല വീടുകളും. മിക്ക വീടുകളും ഒരു കാട്ടിന്റെ ഉള്ളിൽ ഇരിക്കുന്ന പോലെ ആ‍ണ്. ശരിക്കും ഒരു ഗ്രാമാന്തരീക്ഷം. എന്നാൽ കോൺക്രീറ്റ് ചെയ്ത റോഡുകളൂം , ഷോപ്പിങ്ങ് മാളുകളും , ബി എം ഡബ്ല്യു 7 സീരീസ് കാറുകളും കാണാൻ 5 മിനിറ്റ് നടന്നാൽ മതി! പിന്നെ നല്ല സുന്ദരി പെൺകുട്ടികളും… ;) ഇത്രയും ദിവസം ഇവിടെ അലഞ്ഞ് തിരിഞ്ഞിട്ടും കണ്ടത് രണ്ടോ മൂന്നോ പോലീസ് വണ്ടികളാണ്. ചിലപ്പോ അക്രമങ്ങൾ കുറവായിരിക്കാം! അല്ലെങ്കിൽ പോലീസ്കാർ അലസരായിരിക്കാം. എന്തായാലും , രാത്രി 2 മണിക്കും പെണ്ണുങ്ങൾക്ക് ധൈര്യമായി റോഡിലൂടെ നടക്കാം!

നാളെ രാവിലെ, ഇവിടം വിടുകയാണ്. ബാംഗ്ലൂരിലേക്ക്.. തിരുവനന്തപുരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നഗരം. ബാക്കി അവിടുന്നാകാം…

ഞാൻ സൂപ്പർഫാസ്റ്റ് ആണോ?

0

ഇങ്ങനെ ഒരു സംശയം ഇത് വരെ എനിക്ക് ഇല്ലായിരിന്നു! പക്ഷെ ഇപ്പൊ ഒരു സംശയം , ഞാൻ ഒരു സൂപ്പർഫാസ്റ്റ് അല്ലേ എന്ന്! സൂപ്പർഫാസ്റ്റ് എന്ന് പറഞ്ഞാൽ , സംസാരിക്കുംബോൾ എനിക്ക് സ്പീഡ് അല്പം കൂടുതൽ അല്ലെ എന്ന്. കേട്ട് കൊണ്ടിരിക്കുന്നവർ എല്ലാം കഴിയുംബൊ ബ്ലിങ്കസ്യാ മട്ടിൽ ഒരിരിപ്പാൺ. ഈ പ്രശ്നം ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കുംബൊ ആൺ കൂടുതൽ അറിയാൻ പറ്റുന്നതെങ്കിലും , മലയാളത്തിലും സംഗതി പോക്കാൺ എന്ന് ആൺ ചിലരൊക്കെ പറയുന്നത്. ഇതിനിപ്പൊ ഞാൻ എന്താ ചെയ്യേണ്ടത്? എവിടെയോ വായിച്ച ഒരോർമ്മ ഉണ്ട്, നമ്മുടെ സംസാരത്തിന്റെ സ്പീഡ് നമ്മൾ ചിന്തിക്കുന്ന സ്പീഡും ആയി ഒരു ബന്ധം ഉണ്ട് എന്ന്. അങ്ങനാണെങ്കിൽ ഈ അവിഹിത ബന്ധം എത്രയും പെട്ടന്ന് അവസാനിപ്പിച്ചില്ലെങ്കിൽ എന്റെ ഭാവി ജീവിതം കുളമാകും എന്ന കാര്യം ഉറപ്പ്! ഇനി ഇതിനെവിടെയെങ്കിലും വല്ല ട്രെയ്നിങ്ങും ഉണ്ടോ എന്ന് തപ്പണം. അധികം വിദൂരമല്ലാത്ത ഭാവിയിൽ എന്നെ കാണുംബൊ ഓടി മാറുന്ന ആൾക്കാരെ എനിക്കിപ്പോ തന്നെ കാണാം.

വീണ്ടും ഒരു ഹര്‍ത്താല്‍ !!

2

ജമ്മുവില്‍ ആര്‍ക്കോ മൂക്കൊലിപ്പായതിനാല്‍ കേരളത്തില്‍ എന്തിനാ ഒരു ഹര്‍ത്താല്‍ ? ഭാരത് ബന്ത് പോലും! ഇവന്മാര്‍ക്കൊന്നും വേറെ പണി ഇല്ലെ?? ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ഹര്‍ത്താല്‍ ആചരിച്ചാല്‍ ജനജീവിതം കുട്ടിചോറാവില്ലേ? അതും കേരളത്തിലെ “പ്രക്ഷുബ്ദരാ‍യ“ ജനങ്ങള്‍ക്കാണ് ഹര്‍ത്താലിനെ ഇത്ര ഭയം. കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ ബിവറേജസിലേക്ക് ഒരു ഓട്ടം ആണ്.. ബിവറേജസിലും പെട്രോള്‍ പംബിലും പിന്നെ കോഴി കടയിലും തിരക്ക് കൂടുതലാണെങ്കില്‍ പിറ്റേന്ന് ഹര്‍ത്താല്‍ ആണെന്ന് കേരളത്തിലെ “ള്ള” കുട്ടികള്‍ക്ക് വരെ മനസിലാകും! ചുമ്മാ കിട്ടുന്ന അവധി അല്ലേ! വീട്ടില്‍ ഇരിന്ന് മുഷിയുന്നതെന്തിന്  ? ഹര്‍ത്താലാഘോഷത്തിനുള്ള ന്യായീകരണം ഇതാണ്!  പക്ഷെ , അവധി എന്തിന് കൊടുക്കുന്നു? സര്‍ക്കാറും ഹര്‍ത്താലനുകൂലി ആണെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ പരീക്ഷകള്‍ മാറ്റി വയ്ക്കുന്നതും ബസുകള്‍ ഷെഡ്ഡില്‍ കയറ്റി ഇടുന്നതും? ഇതെല്ലാം കേരളത്തില്‍ മാത്രം!

ഇന്നത്തെ ഹര്‍ത്തലിന്റെ കാര്യം തന്നെ എടുക്കുക! വി എച്ച് പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ, ബിജെപി പിന്തുണയ്ക്കുന്നു. കേരളത്തില്‍ ഇതേ വരെ ഭരണത്തില്‍ വരാത്ത ഒരു പാര്‍ട്ടി , അതായത് ജന പിന്തുണ കുറവായ ഒരു പാര്‍ട്ടി. ഹര്‍ത്താലിന്റെ കാരണം? അങ്ങ് വടക്കെ അറ്റത്ത് ഒരു അംബലത്തിന് സ്ഥലം വിട്ട് കൊടുക്കാത്തതിന്! അതിന് ഒരു ഭാരത് ബന്ദ്… അത് നടപ്പായത് ജമ്മുവിലും ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലും മാത്രം.. എന്തിന്, സദാം മരിച്ചപ്പോള്‍ ഇറാഖില്‍ പോലും ഹര്‍ത്താലില്ല! എന്നിട്ടും നമ്മുടെ കേരളക്കര അന്ന് സ്തംഭിച്ചു. അതാണ് നമ്മുടെ മറുനാടന്‍ സ്നേഹം.. ഇന്നും , ബിജെപി ഭരിക്കുന്ന നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ പോലും ജനജീവിതം സാധാരണം ആയിരിന്നു! എന്നിട്ടും നമ്മുടെ കേരളം…

ഹര്‍ത്താലുകള്‍ എല്ലാം ഒരേ പോലെ ആണ്.. ഹര്‍ത്താല്‍ ഭാഗികം / പൂര്‍ണ്ണം ..അങ്ങിങ് അക്രമം .എല്ലാകഴിഞ്ഞ് ഒരു പ്രസ്താവന – “ ഹര്‍ത്താല്‍ വിജയകരമായിരിന്നു! “  എന്ത് വിജയം? പെട്രോള്‍ വില കുറഞ്ഞോ? പുസ്തകം പിന്‍വലിച്ചോ? ക്ഷേത്ര സ്ഥലം തിരിച്ച് കൊടുത്തോ? മരിച്ച സദാം തിരികെ വന്നോ?

ഇല്ല! പിന്നെന്ത് വിജയം? ജനജീവിതം തടസപ്പെടുത്തുന്നതില്‍ വിജയിച്ചു! പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ വിജയിച്ചു! കോടിക്കണക്കിന് രൂപ സര്‍ക്കാറിന് നഷ്ടം ഉണ്ടാക്കുന്നതില്‍ വിജയിച്ചു!

പിന്നെ , പൊതു ജനം കഴുത ആണെന്ന് തെളിയിക്കുന്നതിലും വിജയിച്ചു!

Go to Top