ആര് പറഞ്ഞു ചുംബനം കൊടുക്കുന്നത് ഒരു വല്യ ഇഷ്യൂ ആണെന്ന്… മനുഷ്യൻ ഉണ്ടായ കാലം മുതക്കെ അത് സ്നേഹത്തിന്റെ പ്രതീകമാണെന്ന് ആര്കാന് തർകം ഉള്ളത്. ഇത് ലവലേശം സംശയത്തിനു വകുപ്പില്ലാത്ത ഒരു കാര്യം ആണ്.
പ്രശനം അത് സമൂഹ മധ്യത്തിൽ നാലാള് കാണ്‍കെ നാട്ടുകാര്‍ക്ക് സമര്‍പ്പിക്കേണ്ട കാര്യമുണ്ടോ എന്നുള്ളതാണ്. ഒരു സംഘം യുവമോര്‍ച്ച പ്രവർത്തകർ നടത്തിയ അക്രമത്തിനെ ബി ജെ പി പോലും പിന്തുണച്ചില്ല. പക്ഷെ കേട്ട പാതി കേക്കാത്ത പാതി അതിനെതിരെ സമരം എന്ന് കേട്ടപ്പോ, അതും ചുംബന സമരം എന്ന് കേട്ടപ്പൊ നമുക്ക് എന്തൊരു കൊരിതരിപ്പ്. ചില വിദ്യാർഥികൾ ഒക്കെ പരക്കം പാച്ചിലാണ് ഉമ്മ കൊടുക്കാൻ ഒരാളെ കിട്ടുമോ കിട്ടുമോ എന്ന് നോക്കി. ചിലര്‍ക്ക് സംശയം ഇനി അവിടെ ചെന്നാൽ ഉമ്മ കൊടുക്കാനും ആളെ കിട്ടുമോ എന്ന്.
ഇത് പറഞ്ഞപ്പോ എന്റെ ഒരു സുഹൃത്ത് ചോദിച്ചു , “പൊതു വഴിയിൽ മൂത്രം ഒഴിക്കാം, പക്ഷെ ചുംബിക്കാൻ പാടില്ല. ഇത് എവിടത്തെ ന്യായം ആണെന്ന്?”. പക്ഷെ എത്ര ആളുകള്‍ ഇങ്ങനെ പബ്ലിക് ആയി മൂത്രം ഒഴിക്കൽ പതിവുണ്ട് എന്ന് ഇതിന്റെ കൂടെ ചിന്തിക്കുന്നത് നന്നായിരിക്കും. മനുഷ്യന് വിവേക ബുദ്ധിയുള്ള വർഗം ആണ്. പക്ഷെ ചില സമയങ്ങളിൽ ഈ വിവേകത്തെയും അതിജീവിച്ചു വരുന്ന ആ ശങ്ക തീര്കാൻ ചിലപ്പോൾ മനുഷ്യന് പൊതു വഴിയെന്നോ കക്കൂസെന്നോ നോക്കാൻ സാധിക്കില്ല. പക്ഷെ ചുംബനം അങ്ങനെയല്ലല്ലോ. വെറും മൂത്രം ഒഴിക്കുന്നതിനോട് സമമാക്കി സ്നേഹത്തിന്റെ പ്രതീകമായ ചുംബനത്തെ താരതമ്യം ചെയ്യുന്നത് തന്നെ സങ്കടകരമാണ്.
ഒരു ദൂര യാത്രക്ക് ഇറങ്ങുമ്പോൾ കുടുംബാംഗങ്ങൾ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്ര സന്തോഷിക്കുന്നു. ചിലപ്പോൾ വിമാനത്താവളം പോലുള്ള സ്ഥലങ്ങളിൽ നിൽകുമ്പോൾ ചുറ്റുപാടും ഒന്ന് വീക്ഷിച്ചാൽ ചിലരെ അവരുടെ ഉറ്റവർ യാത്ര അയക്കുന്നത് കാണാം. തങ്ങളെ പിരിഞ്ഞു വിദേശത്തേക്ക് ലീവ് കഴിഞ്ഞു ജോലിക്ക് പുറപ്പെടാൻ വേണ്ടി എയർപോട്ടിനുള്ളിലേക്ക് നീങ്ങുന്ന ആ വൈകാരികമായ നിമിഷങ്ങളിൽ മനസില്നുള്ളിൽ നിന്നും വരുന്ന സങ്കടവും അണ പൊട്ടിവരുന്ന സ്നേഹവും പരസ്പരം മറന്നു ആ അമ്മ, അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ അവരുടെ മക്കൾ ഒരു ആലിങ്കനവും, ഒരു ചുംബനത്തിലും കൂടി അവിടെ അവർ പങ്കു വെക്കുന്നു.എന്നാൽ ഇവർ തന്നെ പലപ്പോഴും ആൾക്കൂട്ടത്തിനിടയിൽ വെച്ച് സ്വന്തം ഭാര്യയോടോ, കാമുകനോടോ തോന്നുന്ന ഇഷ്ടം, ചുംബനം കൊടുക്കാനുള്ള ഒരു വെമ്പൽ അത് അവർ അവരുടേത് മാത്രമായ ഒരു സ്വകാര്യ നിമിഷതിലെക് മാറ്റി വെക്കുന്നു. അതിനെ മലയാളിയുടെ സ്നേഹ പ്രകടനം ഇരുട്ട് മുറികളിൽ മാത്രം ആക്കി ഒതുക്കി കളയുന്നു എന്ന് പറഞ്ഞു എത്ര കമന്റുകൾ, പോസ്റ്റുകൾ ആണ് ഇൻറർനെറ്റിൽ ഈ ഒരു ആഴ്ച വന്നു കൊണ്ടിരിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത മലയാളിയെ അത് പഠിപ്പിക്കാൻ ആണ് ഈ സമരം എന്നൊക്കെ പറഞ്ഞു പിള്ളാരുടെ കമന്റുകൾ പാറിപ്പരക്കുകയാണ് ഫേസ്ബുകിലും വാട്സ്ആപ്പിലും ഒക്കെ.
ഇവിടെ ആ ചുംബനത്തെ സർവസാധാരണം ആയി, ഒരു ആണും പെണ്ണും പരസ്പര സമ്മതപ്രകാരം എവിടെ വെച്ചും ചുംബിക്കാം എന്ന പച്ചയായ മാനുശ്യന്റെ അവകാശം ഹാനിക്കപെടുന്നു എന്നതിലാണ് പലർക്കും രോഷം. അന്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനാണ് എല്ലാര്കും താല്പര്യം. അത് അനുവദിച്ചു കൂടാ എന്നൊക്കെ ആണ് വാദങ്ങൾ. ഈ വാദങ്ങൾ ഉന്നയിക്കുന്നതിൽ എത്ര പൊള്ളത്തരം ഉണ്ടെന്നു തെളിയിക്കാൻ ബിഗ് ബോസ്സ്, മലയാളീ ഹൌസ് പോലെ ഉള്ള ദേശിയ റിയാലിറ്റി ഷോകളുടെ ജനകീയ പ്രചാരം മാത്രം മതിയാവും. അന്യരുടെ ജീവിതത്തിലേക്ക് എത്തി നോക്കാൻ പൊതു ജനത്തിനുള്ള വെമ്പൽ മനസിലാക്കി തന്നെ ആണ് ബുദ്ധിയുള്ള ചാനലുകാരും അത് സ്പോണ്സർ ചെയ്യുന്ന മൾടി നാഷണൽ കമ്പനികളും അത് നമുക്ക് വേണ്ടി സമര്‍പിക്കുന്നത്. ഇവിടെ സരിതയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ വൈറൽ ആക്കിയത് സദാചാരക്കാരെന്നോ ന്യൂ ജെൻ എന്നോ വകഭേധമില്ലാതെ എല്ലാരും ഒത്തൊരുമിച്ചു ആണെന്നുള്ളത് നമ്മൾ കണ്ടിട്ട് ഒരു മാസം പോലും ആയിട്ടില്ല.
എന്നിട്ട് ചുംബന സമരം വന്നപ്പോ നമ്മൾ എല്ലാവരും നല്ലവരായി.ഇതിനു അന്യ രാജ്യങ്ങളുടെ ഉദാഹരണങ്ങളും പലരും ഈ അവസരത്തിൽ സൂചിപ്പിക്കുന്നും ഉണ്ട്. അന്യ രാജ്യങ്ങളിൽ സർവസാദാരണം അല്ലെ, എന്ത് കൊണ്ട് നമുക്കത് പാടില്ല എന്നതാണ് ലൈൻ. ഇങ്ങനെ ഒരു ചോദ്യം ഉയര്‍ത്തുന്നതിന് മുമ്പ് ആ രാജ്യവും നമ്മുടെ രാജ്യവും തമ്മിലുള്ള സാമൂഹികവും, സാംസ്കാരികവും ആയിട്ടുള്ള അന്തരം ഒന്ന് കണക്കിൽ എടുത്തു കൂടെ. അമേരിക്കൻ പ്രസിടന്റ്റ് ആ രാജ്യത്തെ വനിതയായ വിദേശ കാര്യ സെക്രട്ടറിയെ കാണുമ്പോൾ ചുംബിച്ചു ആണ് സ്വീകരിക്കുന്നത്. പക്ഷെ നമ്മുടെ കേരള മുഖ്യമന്ത്രി ഒരു വനിതാമന്ത്രിയെ പക്ഷെ കൈ കൂപ്പി ആയിരിക്കും സീകരിക്കുക. എത്ര പ്രാക്രതമായ പരിപാടി ആണല്ലേ. ഒരു പക്ഷെ നമ്മൾ നമ്മുടെ സംസ്കാരം എന്ന് കരുതുന്ന ഒന്നുണ്ടല്ലോ. അത് അനുവദിക്കാത്തത് കൊണ്ടാവും. സംസ്കാരം എന്ന് പറയുമ്പോൾ ചാടിക്കടിക്കാൻ പലരും വന്നേക്കാം, മാറ് മറക്കാത്ത പെണ്ണുങ്ങളുടെ നാടായിരുന്നു നമ്മുടേത്, അടിയാളന്മാരായ പെണ്ണുങ്ങളെ കാമ ചരക്കുകൾ ആയി കാണപ്പെട്ടിരുന്ന ഒരു പിൽകാല തലമുറ ഉണ്ടായിരുന്നു നമുക്കെനോക്കെ പല ന്യായങ്ങളും നിരത്തും.
പക്ഷെ നമ്മൾ അവിടെ നിന്നോകെ കുറെ വളര്‍ന്നില്ലേ. സമൂഹത്തിൽ നിലനിന്നിരുന്ന ഈ ദുരാചാരങ്ങൾ നമ്മുടെ കാരണവൻമാര് തന്നെ അല്ലെ കട പുഴക്കി മാറ്റിയത്. അല്ലേലും ആദിമ മനുഷ്യന് ഉടുതുണി ഇല്ലായിരുന്നു. അന്ന് മൃഗങ്ങളെ പോലെ ജീവിച്ച അവർ മറ്റു മൃഗങ്ങള്‍ക് ഇല്ലായിരുന്ന വിശേഷ ബുദ്ധി കൊണ്ട് ഒരു സംസ്കാരം കെട്ടിപെടുത്തി. അവനു മറ്റു മൃഗങ്ങള്കില്ലാത്ത നാണം ഉണ്ടായി, ചില കാര്യങ്ങള്‍ക്ക് മറ വേണം എന്നവൻ മനസ്സിലാക്കി.
പക്ഷെ നമ്മൾ ഇപ്പോൾ അനുകരിക്കാൻ ശ്രമിക്കുന്ന യൂറോപ്, അമേരിക്ക പോലിടങ്ങളിൽ മനുഷ്യൻ പുരോഗമനം കൂടി കൂടി ഒരു തരം സാംസ്കാരിക അധപതനതിലെക്കല്ലേ പോയ്കൊണ്ടിരിക്കുന്നത്. ലഹരിയുടെ ഉപയോഗത്തിന് ഒരു നിയന്ത്രനവുമില്ലാത എത്രയോ സ്ഥലങ്ങൾ, പബ്ലിക് ആയി കള്ള് കുടിക്കുന്നതിനു നിയന്ത്രണമില്ലാത്ത സ്ഥലങ്ങൾ, നഗ്ന ബീച്ചുകൾ, വേശ്യതെരുവുകൾ. വിദ്യാസംബന്നതയുടെ കൊടുമുടിയിൽ എത്തി നിൽകുന്ന മനുഷ്യൻ വീണ്ടും ആദിമ കാലത്തേക്ക് കുതിക്കാൻ വെമ്പൽ കൊള്ളുനത് പോലെ.
സമരങ്ങളുടെ കാര്യത്തിലും അവർ എത്രയോ പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു. പബ്ലിക് ആയി ച്ചുംബനതിനുള്ള അവകാശം ഒക്കെ അവർ എന്നെ നേടി, പിന്നെ സ്വവര്‍ഗ രതി നിയമമാക്കി, അതിനു ശേഷം സ്വവര്‍ഗ വിവാഹങ്ങല്കുള്ള നിയമ നിർമാണങ്ങൾ നടത്തി, ലഹരി ഉപയോഗം സർവ വ്യാപകമാക്കി. ഇപ്പോൾ മനുഷ്യന് തുണി അഴിച്ചു പൊതു സമൂഹത്തിൽ ഇറങ്ങി നടക്കാനുള്ള അവകാശം ഉണ്ട്, അങ്ങിനെ ഉള്ളവരെ സംരക്ഷിക്കണം, അവർക്ക് തുണി അഴിച്ചു നടക്കാനുള്ള സ്വാതന്ത്രം നൽകണം എന്ന് പറഞ്ഞു വരെ എത്രയോ സമരങ്ങൾ.
ഇത്രയൊക്കെ പുരോഗമിച്ചിട്ടും നമ്മുടെ നാട്ടിലേക്കാൾ എത്രയോ കൂടുതൽ ആണ് അമേരിക്കയിലെ ബലാൽസങ്കം ചെയ്യപ്പെടുന്നവരുടെ കണക്കുകൾ എന്ന് ചേർത്ത് വായികകുന്നതും നല്ലതാണ്.
പറഞ്ഞു വരുന്നത് മനുഷ്യ മനസ്സിനെ ചങ്ങലക്കിടാൻ ഒരാള്‍ക്കും ആവില്ല. അപക്വമായ ചിന്തകള്‍ മനസ്സിൽ എന്നും ഉണ്ടാകും, അതിനനുവദിക്കുന്ന ഒരു സമൂഹവും, ഭരണവും നിലവിൽ ഉണ്ടെങ്കിൽ ഈ ചിന്തകള്‍ രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗവും ആക്കാൻ നമുക്ക് സാധിചെന്നിരിക്കും.
പിന്നെ ഡെവലപ്പ്ട് രാജ്യങ്ങളിലെ പോലെയുള്ള വസ്ത്രരീതിയും അവിടത്തെ പോലെ തുറന്ന മനോഭാവവും വന്നാൽ നമ്മുടെ നാട്ടിലെ സദാചാര വാദികൾ എന്ന് പറയപ്പെടുന്നവർ മണ്ണടിഞ്ഞു പോകും എന്ന് വാദിക്കുന്നവർ ധാരാളം ആണ്. പക്ഷെ ഇതൊക്കെ ഇങ്ങനെ സംഭവിക്കാൻ തരമുണ്ടോ നമ്മുടെ നാട്ടിൽ. അവിടെ വേഷത്തിൽ മാത്രം അല്ലല്ലോ ജീവിത സാഹചര്യവും അത്ര തന്നെ മെച്ചമല്ലേ. പക്ഷെ ഇത് പോലെ അല്ലാതെ മാന്യമായ രീതിയിൽ ജീവിച്ചു പോകുന്ന ഗൾഫ് രാജ്യങ്ങളിലും ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നില. അപ്പോൾ അഴിമതി രഹിതവും, ജനങ്ങളുടെ ജീവിതത്തിനു വളരെ പ്രാധാന്യം കല്പിക്കുന്ന ഒരു നിയമസംഹിത നാട്ടിൽ ഉണ്ടെങ്കിൽ ഈ പറയുന്ന സദാചാര പോലീസിനെ ഒക്കെ പുല്ലു പോലെ ഒതുക്കാവുന്നത്തെ ഉള്ളൂ.അല്ല്ലാതെ ഈ പറയുന്ന സമര രീതി കൊണ്ട് ഇവര്‍ക്കൊരു താകീത് കൊടുക്കാം എന്ന് എന്ത് അടിസ്ഥാനത്തിൽ വിശ്വസിക്കാം എന്ന് മനസിലാകുന്നില്ല.
കൊഴികോട് ഡൌണ്‍ ടൌണ്‍ സംഭവത്തിന്റെ ഒളി ക്യാമറ ദൃശ്യങ്ങൾ കണ്ടു സങ്കടം തോനിയവരെ അടച്ചു സദാചാര വാദികൾ എന്ന് വിളിക്കുന്നതും തെറ്റാണ്. തങ്ങളുടെ കോളേജിലോ സ്കൂളിലോ പഠിക്കുന്ന മക്കൾ, പേരക്കുട്ടികൾ, അല്ലെങ്കിൽ സ്വന്തം ആങ്ങള പെങ്ങളെ അവരുടെ കാമുകി കാമുകന്മാരുടെ കൂടെ ആ രീതിയിൽ കാണുവാൻ അവർ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എത്രയായാലും മലയാളി അവനു നന്മ എന്ന് കരുതുന്ന ഈ ഒരു സദാചാര ബോധം അവന്റെ മനസിനുള്ളിൽ സൂക്ഷിക്കും. ഇന്ന് ഈ സമരം നാട്ടിൽ നടത്തുന്നതോടെ നമ്മൾ വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് മുമ്പിൽ ഡൌണ്‍ ടൌണിലെ ഒളിക്യാമറ രംഗങ്ങൾ സാമൂഹിക വിപ്ലവത്തിന് കാര്യമായ ഒരു നല്ല കാര്യമായി ചിത്രീകരിക്കാൻ പോവുകയാണ്. യുവ തലമുറയുടെ മുന്നില്‍ ഇങ്ങനെ മനുഷ്യന്മാർ സ്നേഹം പ്രകടിപ്പിക്കുന്നത്, അതിനു അവർ സമൂഹത്തിലെ ഒരുത്തനെയും നോക്കേണ്ട കാര്യമില്ല എന്ന് പഠിപ്പിക്കാൻ പോവുകയാണ്. ഇരുട്ടിന്റെ മറയതല്ലാതെ സ്നേഹിക്കാനറിയാത്ത, മുല മറക്കാൻ അനുവദിക്കാതിരുന്ന ഒരു സമൂഹം മനസ്സിൽ തീർത്ത ആ ചങ്ങലകൾ പൊട്ടിചെറിയൂ, നിങ്ങളുടെ മാതാ പിതാക്കൾ പഠിപ്പിക്കാൻ ശ്രമിച്ച ചില നല്ല പാടങ്ങളൊക്കെ മറന്നേക്കൂ, അവരും ആ പഴമയുടെ ഭാഗമാണ്. ഈ സന്ദേശം അവർക്ക് മുന്നില്‍ എത്തുന്നതിൽ സങ്കടം പ്രകടിപ്പിക്കുവാനും ഈ സമരത്തിന് പോകുമ്പോൾ നമ്മുടെ മനസിലെ നല്ല ഉദ്യേശങ്ങളെ ഒന്ന് പുനര്‍ചിന്തനം ചെയ്യുക എന്ന് എല്ലാവരോടും ഒന്ന് സൂചിപ്പികാനും മറക്കുന്നില്ല.